തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കി തുടങ്ങി. ഇന്ന് മുതലാണ് സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് ഹെല്‍മറ്റ് പരിശോധന ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ ബോധവത്കരണവും താക്കീതും നല്‍കുമെന്നും അടുത്ത ഘട്ടത്തില്‍ പിഴയീടാക്കി തുടങ്ങുമെന്നാണ് മോട്ടാര്‍ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബോധവത്കരണത്തിനൊപ്പം ചില ജില്ലകളില്‍ ഹെല്‍മെറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ക്കു പിഴ ചുമത്തിയതായി ജോയിന്റ്‌റ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു.
ഹെല്‍മെറ്റില്ലാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കു മേല്‍ ചുമത്തുന്ന പിഴ വാഹനം ഓടിക്കുന്ന ആളില്‍ നിന്നാണ് ഈടാക്കുന്നത്. ഹെല്‍മെറ്റില്ലാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന് 500 രൂപയാണ് പിഴ. സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ ബോധവത്കരണത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയത്. വരും ദിവസങ്ങളിലും അത് തുടരും.
ഇന്നത്തെ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിച്ചു യാത്രചെയ്തവരെ ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും മറ്റുള്ളവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍ ചില ജില്ലകളില്‍ അപൂര്‍വം കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച കണക്കുകള്‍ ലഭ്യമായിട്ടില്ല.
നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും പിന്‍സീറ്റില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.