കൊച്ചി: കാഴ്ചയില്ലാത്ത ഒരുപാടു പേരുടെ ജീവിതങ്ങള്‍ക്കു വെളിച്ചമാകാന്‍ ‘കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായസ്പര്‍ശം’നിലവില്‍ വന്നു. കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ നാഷനല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചു സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന ‘കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായസ്പര്‍ശം’ പദ്ധതിയുടെ ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വഹിച്ചു. സഹായ ഉപകരണങ്ങള്‍, ടോള്‍ ഫ്രീ സഹായകേന്ദ്രം, ശബ്ദദാനം, നേത്രദാനം, പ്രകാശ കിരണം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയടങ്ങുന്നതാണു പദ്ധതി.
കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ രക്ഷാധികാരിയും നാഷനല്‍ ചാരിറ്റി ഡവലപ്‌മെന്റ് ബോര്‍ഡ് ഡയറക്ടറുമായ സോണിയ മല്‍ഹാര്‍ അധ്യക്ഷയായി.
2014 ല്‍ പുറത്തിറങ്ങിയ ഹാപ്പി ജേര്‍ണി എന്ന ചിത്രത്തില്‍ നിന്നാണു കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സഹായസ്പര്‍ശമെന്ന പദ്ധതി ജനിക്കുന്നത്. ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമില്‍ ഇടം നേടുന്ന ആരോണ്‍ എന്ന അന്ധ യുവാവിനെയാണ് ജയസൂര്യ അവതരിപ്പിച്ചത്. കാഴ്ചയില്ലാത്ത ഒരുപാടു പേരുടെ ജീവിതങ്ങള്‍ക്കു വെളിച്ചമാകാന്‍ സിനിമ ഉപകാരമായതിന്റെ സന്തോഷം ജയസൂര്യ പങ്കുവച്ചു. പദ്ധതിയിലൂടെ സഫലമാകുന്നതു തന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്നും അദേഹം പറഞ്ഞു. പദ്ധതിക്കു പ്രചോദനം നല്‍കിയ ജയസൂര്യയെ ബ്ലൈന്‍ഡ് ക്രിക്കറ്റ് ഡവലപ്‌മെന്റ് ഏഷ്യാ റീജനല്‍ ഡയറക്ടര്‍ രജനിഷ് ഹെന്റി പുരസ്‌കാരം നല്‍കി ആദരിച്ചു.