അഗളി: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലി കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ആംബുലന്‍സ് തടഞ്ഞത്. പോലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.
അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ആംബുലന്‍സ് തടഞ്ഞത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്.
മോഷണം നടന്നുവെന്ന് ആരോപണമുന്നയിച്ച കടയുടമ ഹുസൈന്‍, കരീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ കസ്റ്റഡിയിലുള്ളതായി പോലീസ് അറിയിച്ചു. മുഴുവന്‍ പ്രതികളേയും ഇന്നു തന്നെ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു.