കൊച്ചി: വിവാദ പാഠപുസ്തക കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ഇന്നു രാവിലെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച പ്രമുഖ മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം.എം. അക്ബറിനെ കൊച്ചിയിലെത്തിച്ചു. എറണാകുളം നോര്‍ത്ത് എസ്.െഎ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കമീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി.
കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് എം.എം അക്ബറിനെ ഹൈദരാബദ് വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞത്. അതേസമയം ഇദ്ദേഹത്തിന് എതിരെ എന്‍.ഐ.എ കേസുകള്‍ ഒന്നുമില്ല. മുംബൈയിലെ അല്‍ ബുറൂജ് പബ്ലിക്കേഷന്‍ തയ്യാറാക്കിയ മതസ്പര്‍ദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്‌കൂളില്‍ പഠിപ്പിച്ചു എന്ന പരാതിയില്‍ കേരളാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.എം. അക്ബറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എം.എം അക്ബര്‍ വിദേശത്തായതിനാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ വിവിധ വിമാനത്താവളങ്ങളില്‍ കൈമാറുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചത്. നിലവില്‍ കേരള പൊലീസ് ആണ് പാഠപുസ്തക കേസ് അന്വേഷിക്കുന്നത്. കേസ് നടപടിയുടെ ഭാഗമായി ഇദ്ദേഹത്തെ കേരളത്തിലേക്ക് എത്തിക്കും. അതിനായി പാലാരിവട്ടം പൊലീസ് ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ടെന്നും വൈകീട്ട് 7.40ന് എം.എം അക്ബറുമായി ഇവര്‍ നെടുമ്പാശ്ശേരിയിലെത്തുമെന്നും എ.സി.പി കെ. ലാല്‍ജി അറിയിച്ചു.
സ്‌കൂളിലെ രണ്ടാം ക്ലാസില്‍ പഠിപ്പിക്കാന്‍ തയാറാക്കിയ മത പാഠപുസ്തകത്തില്‍ ‘നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായി വന്നാല്‍ എന്ത് ഉപദേശമാണ് ആദ്യം നല്‍കുക’ എന്ന പാഠഭാഗം ആണ് വിവാദമായത്. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരാതിക്കാരനായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് സ്‌കൂള്‍ റെയ്ഡ് ചെയ്യുകയും വിവാദ പാഠപുസ്തകം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ അല്‍ ബുറൂജ് പബ്ലിക്കേഷന്‍ മേധാവി, കണ്ടന്റ് എഡിറ്റര്‍, പാഠപുസ്തക ഡിസൈനര്‍ എന്നിവരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് നേരത്തെ എറണാകുളത്ത് എത്തിച്ച് ചോദ്യംചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ഉണ്ടായിരുന്നു.
ഈ പാഠഭാഗം അനുചിതമാണെന്നു കണ്ടു അത് പഠിപ്പിക്കേണ്ടതില്ല എന്ന് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് എം.എം അക്ബര്‍ കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണസംഘത്തിന് വിശദീകരണം നല്‍കിയിരുന്നത്. കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് എം.എം അക്ബര്‍ ഉള്‍പ്പെടെയുള്ള പീസ് സ്‌കൂള്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ത്തത്. ഇതിനകം ഇദ്ദേഹം വിദേശത്തേക്ക് പോവുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.